നാട്ടുകാരുടെ മുന്നില്‍ ഞാന്‍ ആദ്യമായൊരു അഭിനയം നടത്തിയത് പണ്ട് കുന്നംകുളം ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണു. കണ്ടമ്പുള്ളി ബാലന് മെമ്മോറിയല്‍ ട്രോഫിയ്ക്കു വേണ്ടിയുള്ള നാടക മത്സരത്തിലായിരുന്നു ആ അരങ്ങേറ്റം. മഴക്കലത്ത്, മഞ്ഞുകാലത്തു എന്നൊക്കെ പറയുന്നതു പോലെ ഒരു അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്.
'സൂര്യാവര്‍ത്തം' എന്നായിരുന്നു നാടകത്തിന്റെ പേരു. സൂര്യാവര്‍ത്തം എന്നാല്‍ കൊടിഞ്ഞില്‍ കുത്തു, ചെന്നിക്കുത്ത് എന്നൊക്കെ സാരം. ചിറളയത്തുള്ള യൈ. എം. സി. എ യുടെ അടുത്ത് താമസിക്കുന്ന ജോബുട്ടി മാഷാണു നാടകരചന. സംവിധാനം മുന്‍ മുനിസിപല്‍ ചെയര്‍മാനായിരുന്ന കെ.സി. ബാബു. ഒരു ഫാക്റ്ററിയില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന തൊഴിലാളികളെ നിരന്തരം പീഢിപ്പിക്കുന്ന മുതലാളിയായിട്ടാണു ഞാന്‍ അഭിനയിക്കെണ്ടത്. തൊഴിലുടമയായ ഞാനും പീഢിതരായ തൊഴിലാളികളുമൊക്കെ പ്രതീകവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങളാണു. ഞാന്‍ പീഢകനായ ഭരണകൂടം; തൊഴിലാളികള്‍ പീഢിതരായ ജനങ്ങള്‍. പ്രതീകങ്ങള്‍ പിന്നെയുമുണ്ട്. സമാധാനത്തിന്റേയും സ്വാതന്ത്രത്തിന്റേയും പ്രതീകമായൊരു മാലാഖ. ത്രിശ്ശൂര് എല്‍സിയാണത്. പിന്നെ വിമോചകന്റെ പ്രതീകമായൊരു വൃദ്ധന്. അതാരായിരുന്നു എന്നു ഓര്‍മയില്ല. കിഴൂര്‍ മുകുന്ദന് പണിക്കരുടെ മകന് രഘുവാണു വയലിന് വായിച്ച് പാട്ടു പാടി മാലാഖയെ ആകാശത്തു നിന്നു വരുത്തിയിരുന്നത്.
പടിഞ്ഞാറെ അങ്ങാടിയിലെ ചില വീടുകളിലും കിഴൂര്‍ വായനശാലയിലുമൊക്കെയായാണു റിഹെഴ്സല് നടന്നത്. എനിക്ക് ആദ്യം ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നെങ്കിലും ക്രമേണ അതു മാറി വന്നു. അഭിനയത്തില്‍ വലിയ മുന്‍പരിചയമൊന്നുമില്ലയിരുന്നതാണു ആശങ്കക്കു കാരണം. ബാബുവിന്റെയും മറ്റും പ്രോത്സാഹനം കൊണ്ട് ഞാനാ സാഹസത്തിനു തയ്യാറായി എന്നേ ഉള്ളൂ.
നാടകത്തിലെ പ്രധാന വില്ലനാണു, ഞെട്ടിപ്പിയ്ക്കുന്ന ഡയലോഗുകളാണു. അതിലും കേമമാണു വേഷഭൂഷാദികള്‍! വടക്കഞ്ചേരിയില്‍ നിന്നും വന്ന ഒരു വക്കീല്‍ പയ്യന് സംഘടിപ്പിച്ച ഗൗണ്‍; തലയിലൊരു കിരീടം, വലിയൊരു കാല്‍സറായി; ചെകുത്താന്റെ ചിത്രമുള്ളൊരു കുപ്പായം അങ്ങനെ അങ്കച്ചമയം ഉഗ്രാല്‍ ഉഗ്രതരം. പോരത്തതിനു കയ്യിലെപ്പോഴും വലിയൊരു ചാട്ടവാര്‍. ചാട്ടവാര്‍ ചുഴറ്റിയും വീശിയുമാണു ഡയലോഗുകള്‍ പറയേണ്ടത്. ഞാന്‍ രംഗപ്രവേശനം ചെയ്യുന്നതോടെ തൊഴിലാളികള്‍ പേടിച്ചു വിറയ്ക്കും. കാല്‍മുട്ടുകളില്‍ കുമ്പിട്ടു നിന്നു എന്നെ തൊഴും.
നാടകം തുടങ്ങുന്നതിനുള്ള ബെല്ലടിച്ചു. സി.വി ശ്രീരാമന്. ഐപ്പ് പാറമേല്‍ , രാജാമാസ്റ്റര്‍ തുടങ്ങിയ പ്രഗല്ഭരാണു ജൂറി അംഗങ്ങള്‍.
തിരശ്ശീല ഉയര്‍ന്നു. ഫാക്ടറിയിലെ തൊഴിലാളികള്‍ കഠിനമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണു. വിമോചകന് അറക്കവാളിന്റെ പല്ലുകള്‍ രാവി മൂര്‍ച്ചകൂട്ടികൊണ്ടിരിക്കുന്നു. രഘു അവിടേക്കു കടന്നു വന്നു വയലിന് വായിച്ചു പാട്ടു പാടാന്‍ ആരംഭിക്കുന്നു. പതുക്കെ എല്ലാവരും ആ പാട്ടിന്റെ ഈരടികള്‍ പാടാന്‍ തുടങ്ങുന്നു. ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ നിര്‍ത്തിയിട്ടാണു സംഗീതത്തില്‍ അണി ചേരുന്നത്. ചിലരൊക്കെ ന്ര്ത്തം ചെയ്യാനും തുടങ്ങുന്നു. ഈ അവസരത്തിലാണു ഞാന്‍ ചാട്ടവാറുമായി ചാറ്റി വീഴെണ്ടത്. എന്റെ ഡയലോഗ് ഇതാണു
" ആട്ടവും പാട്ടും! നിര്‍ത്തിനെടാ പട്ടികളേ ഈ ഓരിയിടല്‍. പണിയെടുക്കിന്‍! അല്ലെങ്കില്‍ വെച്ചേക്കില്ല ഒന്നിനേയും."
അതു പറഞ്ഞു കൊണ്ട് ചാട്ട ആഞ്ഞു വീശണം. ചാട്ട പുളഞ്ഞു വീഴുമ്പോള്‍ "ഠേ", "ഠേ" എന്നു പൊട്ടാനുള്ള വെടിമരുന്നു സംവിധാനമെല്ലാം കൊച്ചുണ്ണിയേട്ടന് ഒരുക്കിയിട്ടുണ്ട്.
രഘു പാട്ടു തുടങ്ങി. തൊഴിലാളികള്‍ പണി നിര്‍ത്തി. അവരും ചേര്‍ന്നു പാടാനും ന്ര്ത്തം ചെയ്യാനും തുടങ്ങി. ബാബുവും ജോബുട്ടി മാഷും കൊച്ചുണ്ണിയേട്ടനും കൂടി എന്നെ സ്റ്റേജിലേക്ക് തള്ളി. ഞാന്‍ അട്ടഹസിച്ചു കൊണ്ട് രംഗപ്രവേശനം ചെയ്തു. ചാടിക്കൊണ്ടായിരുന്നോ എന്നു ഓര്‍മയില്ല.
ചാട്ട ആഞ്ഞു വീശി
ഠേ ഠേ!! വെടിമുഴങ്ങുമ്പോലെ ആലഭാരമുണ്ടായി.
തൊഴിലാളികള്‍ ഞെട്ടി വിറച്ചു.
" ആട്ടവും പാട്ടും! നിര്‍ത്തിനെടാ പട്ടികളെ " ഞാന്‍ അലറി. അത്രയും കഴിഞ്ഞപ്പോഴാണു കുഴപ്പം മനസ്സിലാകുന്നത്.
ഉയര്‍ത്തി വീശി അടിച്ച ചാട്ടവാര്‍ സ്റ്റേജ് മൈക്ക് കെട്ടിയ കയറില്‍ കുരുങ്ങിപ്പോയിരിക്കുന്നു. ചാട്ട വീശാതെയും ചുഴറ്റി അടിക്കാതെയും എങ്ങനെ ഡയലോഗ് പറയും? ഞാന്‍ തെല്ലൊന്നു പരിഭ്രമിച്ചു. അട്ടഹസിച്ചു കൊണ്ടു തന്നെ ചാട്ടയുടെ വാര് കയറില്‍ നിന്നു അഴിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി. പറ്റുന്നില്ല. പരിഭ്രമം വര്‍ദ്ധിച്ചു. ഒരിക്കല്‍കൂടി അലറിക്കൊണ്ട് ചാട്ടവാര്‍ ആഞ്ഞു വലിച്ചു. കയര്‍ പൊട്ടി ഭീകരമായ ശബ്ദത്തോടെ മൈക്ക് താഴെ വീണു. മൈക്ക് ഓപ്പറേറ്ററും മറ്റും സ്റ്റേജിലേക്ക് ചാടിക്കയറി വന്നു. വലിയ വിലയുള്ളതാണത്രെ ആ സ്റ്റേജ് മൈക്ക്. തൊഴിലാളികളും മുകുന്ദന് പണിക്കരുടെ മകന് രഘുവും മാലാഖയും അമ്പരന്നു നില്‍ക്കെ ചാട്ടയില്ലാതെ തന്നെ ഡയലോഗ് പറയാന്‍ ഞാന്‍ ഒരു ശ്രമം നടത്തായ്കയല്ല. പക്ഷെ, അതിഭീകരമായ കൂവലും വിസിലടികളും ഉയര്‍ന്നു.
കര്ട്ടണ് വീണു. ശുഭം.
എന്റെ ശ്വാസവും നേരെ വീണു.
അങ്ങനെ ആ അഭിനയത്തിന്റെ അരങ്ങേറ്റം തുമ്പയിലും ശ്രീഹരിക്കോട്ടയിലും മറ്റും നടാത്താറുള്ള ചില റോക്കറ്റ് വിക്ഷേപണങ്ങളെ ഓര്‍മിപ്പിക്കുമാറു ചീറ്റിപ്പോയി.
അന്നു അണിയറയിലുണ്ടായിരുന്ന പലരും പിന്നീട് കാലത്തിന്റെ കര്‍ട്ടനുപിന്നിലേക്ക് മറഞ്ഞു. വടക്കന്‍ വസ്ത്രാലയത്തിലെ ജോര്‍ജ്ജ്, മക്കള്‍ക്ക് ട്രോഡ് സ്കി, സ്റ്റാലിന് എന്നൊക്കെ പേരിട്ട കൊച്ചുണ്ണേട്ടന്‍ , ചുമട്ടു തൊഴിലാളികളായിരുന്ന ജോസ്, ജോര്‍ജ്ജ് അങ്ങനെ പലരും.
'സൂര്യാവര്‍ത്ത'ത്തിന്റെ ഓര്‍മകള്‍ ആദ്യകാലത്തൊക്കെ ഒരു കൊടിഞ്ഞില്‍ കുത്ത് പോലെ എന്നെ അലട്ടിയിരുന്നു. പിന്നീടെപ്പോഴോ അതു എന്നും ഓര്‍ത്തു വെക്കാനുള്ള രസകരമായ ഒരനുഭവമായി മനസ്സില്‍ അടയാളപ്പെട്ടു.
ആ നാടകവുമായി ബന്ധമുള്ള പലരും ഇന്നുമെന്നെ കാണുമ്പോള്‍ വിളിച്ചു പറയും.
" ആട്ടവും പാട്ടും !! നിര്‍ത്തിനെടാ പട്ടികളെ ഓരിയിടല്‍"
ഏതായാലും പിന്നെ ജോബുട്ടി മാഷ് നാടകം എഴുതിയിട്ടില്ല, കെ. സി . ബാബു സംവിധാനം ചെയ്തിട്ടുമില്ല. ഞാന്‍ സ്റ്റേജില്‍ കയറി നാടകത്തില്‍ അഭിനയിച്ചിട്ടുമില്ല.!
33 comments:
പ്രിയപ്പെട്ടവരേ,
അവസാനം ഒരു പോസ്റ്റ് ഇടാനുള്ള സമയം കിട്ടി. ഇപ്പോഴും ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട് എന്നു തോന്നുന്നു. വായിക്കുക. അഭിപ്റായങ്ങള് അറിയിക്കുക.
ഒരു തെങ്ങിന്റെ മുഴുവന്‍ തേങ്ങകളും എന്റെ വക, തൃശ്ശൂര്‍ പൂരത്തിനു പൊട്ടുന്നപോലെ ഠേ ഠേ ന്ന് പൊട്ടി ചിതറി
മാഷെ...
കൊള്ളാം, നല്ല ഓര്‍മ്മകള്‍...
ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഞങ്ങള്‍ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ ചെയ്യാനിരുന്ന ഒരു നാടകമാണ്. അതും ഇപ്രകാരം ഭരണത്തെയും ജനങ്ങളെയും പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ഒന്നായിരുന്നു. ഞാനും എന്റെ ഒരു സുഹൃത്തും കൂടി ചേര്‍ന്നായിരുന്നു അതെഴുതിയത്. അവസാനം സമയക്കുറവു മൂലം റിഹേഴ്സല്‍ വേണ്ട വിധം നടത്താനാകതെ ഞങ്ങളത് ഒഴിവാക്കിയതു കാരണം വേറെ അപ്രിയങ്ങളൊന്നുമുണ്ടായില്ല.
ഇനിയും എഴുതൂ മാഷേ ഓര്‍മ്മക്കുറിപ്പുകള്‍...
:)
:)
തുടക്കം പാളിയാലെന്താ മാഷെ..ഇപ്പോള്‍ തകര്‍ക്കുന്നില്ലെ..
അന്നു സ്റ്റേജ് പൊട്ടിവീണില്ലായിരുന്നേല് ഇന്ന് എന്താകുമായിരുന്നേനെ! ഒരു നാടകത്തില്‍ നിറുത്തിയത് കഷ്ടമായിപ്പോയി.
ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകാന്‍ തീര്‍ച്ചയായും വായനക്കാര്‍ക്ക് കൌതുകമുണ്ടാവും. അന്ന് വിഷമം തോന്നിയെങ്കില്‍ ഇന്നത് ഓര്‍ക്കാന്‍ സുഖമുള്ള ഒരു കാര്യമായ് മാറിയിരിക്കുന്നു. അതാണ് കാലം വരുത്തുന്ന വ്യത്യാസം. എനിക്കും സമാനമായൊരു അനുഭവം ഉണ്ടായി. ബോംബെയില്‍ “ആയിരം തലൈവാങ്കി അഥവാ അപൂര്‍വ്വ ചിന്താമണി” എന്ന നാടകത്തില്‍ ഞാന്‍ പറയുന്ന ഡയലോഗ് “ഫ പട്ടി നിന്റെയൊരു പൂട്ട്” എന്നാണ്. അതു പറഞ്ഞു തീരുന്നതിനുമുന്‍പ് എന്റെ വെപ്പു മീശ തെറിച്ചു ചെന്ന് എതിരാളിയുടെ മുഖത്തിരുന്നു. പിന്നെ അവിടന്നെങ്ങനെ രക്ഷപ്പെട്ടുവെന്ന് ആലോചിച്ചാല്‍ മതി. എന്തായാലും ശ്രീരാമേട്ടന് അരങ്ങേറിയത് തന്നെ വില്ലനായാണു അല്ലേ? ഇനി കൂടുതല്‍ ക്യാരക്റ്റര്‍ റോളുകളില്‍ ശോഭിക്കൂ.
അതു ശരിയാ.. ആദ്യത്തേതില്‍ തന്നെ നിര്‍ത്തിയത് ശരിയായില്ല. ഇനിയുമൊരങ്കത്തിനു ബാല്യമുണ്ട് മാഷേ :)
നാടകാന്ത്യം സി.വി.ശ്രീരാമന് എന്താണ് പറഞ്ഞത് സാര്‍. സന്തോഷാശ്രു പൊടിഞ്ഞിരിക്കുമാകണ്ണുകളില്.
കഥ കൊള്ളാം, എന്നാല്‍ ഒരുപാടിനിയും മെച്ചപ്പെടാനിരിക്കുന്നു.
:)
ഉപാസന
ഓ. ടോ: എം.എന്നെ പറ്റി സി.വി പറഞ്ഞതില്‍ എന്തേലും സത്യമുണ്ടോ സാര്‍. ഇദ്ദേഹത്തോടല്ലാതെ ആരോടാണ് അന്വേഷിക്യാ.
മാഷിന്റെ അനുഭവങ്ങള്‍ വിലപ്പെട്ട അറിവുകളാണ്. പക്ഷെ ബ്ലോഗ് തമാശയുള്ള അനുഭവക്കുറിപ്പുകളുടെ കൂമ്പാരമാണ് ഇപ്പോള്‍. മാഷെങ്കിലും ഇതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും കൈപ്പള്ളി പറഞ്ഞതു പോലെ “മാവേലേറി”ല്‍ ബ്ലൊഗിനെ കെട്ടിയിടാന്‍ കൂട്ടു നില്‍ക്കരുതെന്നും അപേക്ഷ.
രസിച്ചു വായിച്ചു മാഷേ...
"മഴക്കാലത്ത്, മഞ്ഞുകാലത്തു എന്നൊക്കെ പറയുന്നതു പോലെ ഒരു അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്.”
ചിരിനൂലുകള്ക്കിടയില് ഇതിന്റെ നോവു തുന്നുകള്‍ വായിക്കാതിരിക്കാനാവുന്നില്ല..
രസിച്ച് വായിച്ചു.
വായിച്ചോണ്ടിരുന്നപ്പോള്‍ കാര്യമായി രണ്ട് സംശയങ്ങളുണ്ടായി. പക്ഷേ രണ്ടും already ചോദിച്ചു കഴിഞ്ഞു!
1. നാടകാന്ത്യം സി വി ശ്രീരാമന് എന്തു പറഞ്ഞു ?
2. എംഎന്നെപ്പറ്റി പറഞ്ഞതില്‍ വാസ്തവമുണ്ടോ? എംഎന്റെ അനിയന്റെ മകന് എഴുതിയത് വായിച്ചപ്പോള്‍ ആരെയാ വിശ്വസിക്കുകാന്ന് പ്രശ്നമായി!
പത്തില്‍ വച്ചു ഞങ്ങളുടെ ഒരു തല്ലി പൊളി ഗാംഗ് വാര്‍ഷികത്തിനു നാടകം സെറ്റപ്പു ചെയ്യാം എന്നും പറഞ്ഞു ഒരു നാടകം തല്ലി കൂട്ടി അവതരിപ്പിച്ചപ്പോള്‍ ഒരു സീന്‍ മാത്രം കളിച്ചതു ഓര്‍ത്തു പോയി. ഐ അം സി ബി ഐ ഫ്രം ജോണ്‍ ജേക്കബ്ബ് എന്നു പറഞ്ഞപ്പോള്‍ തന്നെ കര്ട്ടന് ഇട്ടോളാന്‍ പറഞ്ഞു. മുന്പില് ഇരുന്ന പീക്കിരി പിള്ളേരുടെ കൂവല്‍ വരെ കേള്‍ക്കേണ്ടി വന്നു. പിന്നെ ഒരിക്കലും നാടകം കളിക്കാനായി സറ്റേജില് കയറിയിട്ടില്ല.
കുറച്ചുകാലം മുന്‍പ് കോളേജ് സ്റ്റേജുകളില്‍ ഹിറ്റായിരുന്ന ‘ഗംഗാപ്രസാദിന്റെ ഡയറി’ ദേവദാസ് അവന്റെ കോളേജിലും ഞാന്‍ AKPSU വിന്റെ യുവജനോത്സവത്തിനു എറണാകുളം ടൌണ്‍ ഹാളിലും അവതരിപ്പിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത് ഇന്നലെ രാത്രി. ശ്രീരാമേട്ടന്റെ ഈ പഴയകാല സ്മരണ വായിച്ചത് ഇന്ന്. കുറേ മനസ്സുകള്‍ ഒരേ കാര്യം ചിന്തിക്കുന്നുവെന്ന് കണ്ടപ്പോള്‍ ഓര്‍മ്മകള്‍ക്ക് മധുരം കൂടിയതുപോലെ..
ആദ്യാനുഭവം എന്നു പറയുന്ന പോലെ ആദ്യാഭിനയം ഒരു മറക്കാനാവാത്ത കാര്യമായി മനസ്സിന്റെ കോണില്‍ ഇടം പിടിച്ചു അല്ലേ മാഷേ. അന്ന് ചാട്ടയുടെ കയര്‍ മൈക്കില്‍ കുരുങ്ങിയില്ലായിരുന്നെങ്കില്‍ മാഷ് വെള്ളിത്തിരയില്‍ ഒന്നുകൂടി തിളങ്ങിയേനേ.
പഴയ അനുഭവക്കുറിപ്പുകള്‍ പുറത്തേക്കിട്ടതിനു നന്ദി.
ശ്രീരാമന് മാഷേ , ഒരു നമസ്ക്കാരം.
ഒരു ചിത്രം പൂര്‍ത്തിയായി എന്ന സി.എല്‍.ജോസിന്റെ നാടകം അനൌണ്‍സു ചെയ്ത സംവിധായകന്റെ ശബ്ദം ഇന്നും ഞാന്‍ കേള്‍ക്കുന്നു. “ഒരു ചിത്രം പൂത്രിയായി.“ പിന്നെയും തിരുത്തി. പിന്നെയും അതു തന്നെ പൂത്രിയായി.
ഇന്നോര്‍ക്കുന്നു എന്റെ ശബ്ദമായിരുന്നല്ലോ അതു്. .:)
ഏകദേശം ഇതുപോലൊക്കെ ഒരു നാടകാഭിനയം 7ആം ക്ലാസില്‍ വച്ചു ഞാനും നടത്തിയിരുന്നു. മൊത്തം ഡയലോഗ് തലതിരിച്ചു പറഞ്ഞു നാടകം കുളമാക്കിയത് ഞാനല്ലാതെ മറ്റാരുമായിരുന്നില്ല, പിന്നെ ആ പണിക്കു പോയിട്ടുമില്ല.. പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേള കുറ്യ്ക്കാന് അപേക്ഷ..
ശ്രീരാമേട്ടാ.. നാടകതമാശകളുടെ ലിസ്റ്റിലേക്ക് ഇതും കുടി ഞാന്‍ എടുത്തോട്ടെ.. (വല്ലപ്പോഴും കൂടുമ്പോള്‍ വിളമ്പാന്‍ വേണ്ടിയാണ്)
രസകരമായ ഈ ഓര്‍മ്മ പങ്കു വെച്ചതിന് നന്ദി.
അരങ്ങേറ്റങ്ങള്‍ പലരുടെയും ഇങ്ങിനെയൊക്കെയാണല്ലേ.
ഓര്‍മ്മക്കുറിപ്പിന് നന്ദി.
ശ്രീരാമേട്ടാ അനുഭവകുറിപ്പുകള്‍ പങ്കു വച്ചതിന് നന്ദി. അന്ന് നാടകത്തിന്റെ കര്ട്ടണ് വീണില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ശ്രീരാമന് എന്ന സിനിമാ നടനോ, എഴുത്തുകാരനോ ഉണ്ടാകുമായിരുന്നില്ലായിരുന്നു.
അതിന്റെ അര്‍ത്ഥം വരുന്നതെല്ലാം നല്ലതിന് എന്ന ഗീതാ വാക്യം തന്നെ അല്ലെ?
ഇനിയും അങ്ങയുടെ അനുഭവങ്ങളുടെ വര്ണ്ണചെപ്പുകള് തുറക്കുന്നതും കാത്തിരിക്കുന്നു.
മഴക്കലത്ത്, മഞ്ഞുകാലത്തു എന്നൊക്കെ പറയുന്നതു പോലെ ഒരു അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്..
കുറേകൂടെ പഴമക്കാരുടെ 99-ലെ വെള്ളപ്പൊക്കവും ശ്രീരാമന്റെ തലമുറക്കാരുടെ അടിയന്തരാവസ്ഥക്കാലവും സാഹിത്യസംബന്ധിയായുള്ള കുറിപ്പുകളിലെല്ലാം ഇടയ്ക്കും തലയ്ക്കും ഒളിനീക്കി പുറത്തുവരുന്നതാവണമല്ലേ കേരളീയ സൈക്കിയുടെ രസതന്ത്രം.
ഓലമേഞ്ഞ കുന്നംകുളത്തെ ആ ബാര്‍ ഓഡിറ്റോറിയം ഒരു നൊസ്റ്റാള്‍ജിയ ആണല്ലെ ശ്രീരാമേട്ടാ?
എന്തായാലും അനുഭവങ്ങള്‍ ഇനിയും വരട്ടെ.
കിഴൂരിലേയും, പടിഞ്ഞാറ്റ്മുറിയിലേയും, വെട്ടുകടവിലേയും,ചെമ്മണ്ണൂരിലേയും, ചെറുവത്തായനിയിലേയും ആരും കേള്‍ക്കാത്ത കഥകള്‍ കേള്‍ക്കാനായി ഇവിടെ ഇടയ്ക്ക് വരുന്നതായിരിക്കും.
സസ്നേഹം
സ്റ്റേജിലല്ലെങ്കിലും അഭിനയം ഇപ്പോഴും തുടരുന്നുണ്ടല്ലോ.
ഏതായാലും അരങ്ങേറ്റം ഗംഭീരമായി :)
വേറിട്ട കാഴ്ച്ചകള്‍ വരട്ടെ.
മാഷിന്റെ അഭിനയം കണ്ടാല്‍ അരങ്ങേറ്റത്തിന്റെ ആ ഒരു ക്ഷീണവും തോന്നില്ല കേട്ടോ.
പോരട്ടെ.. കൂടുതലോര്മ്മകള് വേറിട്ട കാഴ്ചകള്‍..
കുഞ്ഞാ...
അല്ലെങ്കില്‍ തന്നെ മണ്ഡരി ഉള്ള കാലമാണു. തേങ്ങകള്‍ വേസ്റ്റാകാതെ സൂക്ഷിക്കുക.
ശ്രീ...
ശ്രമിക്കാം.
കുട്ടന്‍സേ...
പാളലാണു ഏറെയും. തെറ്റിയും തിരുത്തിയും മുന്നൊട്ട് പോകുന്നു, മെല്ലെ മെല്ലെ.
സിമി..
നാടകം എന്നു കേട്ടാല്‍ ഇന്നും നടുങ്ങും. മൈക്ക് പൊട്ടി വീണ പൂച്ചയാണു ഞാന്‍.
മുരളീ..
ശോഭിക്കാന്‍ ശ്രമിക്കായ്കയല്ല. പക്ഷെ സന്ധ്യയായില്ലെ. ഇനി മെല്ലെ രാത്രിയാവും. പിന്നെ നിലാവുദിച്ചെങ്കിലായി.....
നന്ദാ..
ബാല്യമുണ്ടു എന്നു തോന്നുന്നില്ല.
എന്റെ ഉപാസന..
സി.വി ശ്രീരാമന് വെള്ളത്തിലായിരുന്നു അപ്പോള്‍. “അവന് മൈക്ക് മാത്രമല്ല ഈ പുര തന്നെ വലിച്ചു താഴെയിടും” എന്നു പറഞ്ഞിരിക്കാം.
എം. എന്നിനെ പറ്റിയുള്ള അഭിപ്രായങ്ങളില്‍ സി.വി.ശ്രീരാമന് ഇപ്പോഴും ഉറച്ചു നില്ക്കുന്നു. പക്ഷെ അതു ചിലരെ വേദനിപ്പിച്ചു എന്നറിഞ്ഞതില്‍ ടിയാന് ദുഖമുണ്ട്.
എതിരന്‍....
ചേരയെ തിന്നണ നാട്ടില്‍ പോയാല്‍ നടുത്തുണ്ടം തിന്നണം എന്നല്ലേ പ്രമാണം.
ലാപുട..
നെയ്ത്തുകാരനാണു അല്ലെ?
സതീഷ്..
മറുപടി already കൊടുത്തിട്ടുണ്ടു.
വിന്‍സ്.
ഏതാണീ ജോണ്‍ ജേക്കബ്?
ഇക്കാസ്.
ഒരു നാടകാനുഭവമെങ്കിലും ഇല്ലാത്തവരുണ്ടാകില്ല ഈ ഭൂമിയില്‍ എന്നാണു എന്റെ അനുഭവം.
ക്രിഷ്,
എന്നൊന്നും എനിക്ക് തോന്നുന്നില്ല.
വേണു.
ഇന്നും അങ്ങനെ ഒക്കെ തന്നെ ആണോ?
കണ്ണൂരാന്‍
ഇടവേള കുറയ്ക്കാന്‍ ശ്രമിക്കാം.
ഏറനാടന്‍.
വിളമ്പാന്‍ മാത്രമ്രുചിച്ചോ അത്?
അനംഗാരി
നന്ദിയ്ക്ക് നന്ദി.
വക്കാരിമഷ്ടാ
ആയിക്കോളണം എന്നില്ലാട്ടൊ.
കുറുമാന്
ആ ഗീതാവാക്യത്തിലെനിക്ക് വിശ്വാസമില്ല കുറുമാനേ. അതു ഒരു മയക്കുമരുന്നു ചികിത്സ മാത്രമാണ്. ചിലതെല്ലാം വരുന്നത് നല്ലതൊനൊന്നുമല്ല.എന്തായി പിന്നെ അന്നു ചര്‍ച്ച ചെയ്ത കാര്യങ്ങളൊക്കെ. ഒരു അനക്കവുമില്ലല്ലോ. ബ്ലോഗന്മാരെ ഒന്നു മണ്ണിലേക്കിറക്കണ്ടേ?
പെരിങ്ങോടന്
ഈ കെമിസ്റ്റിറിയില് നിന്നു ഒരു ആല്‍ക്കെമിസ്റ്റ് ആയി വളരാന്‍ ആറാം തമ്പുരാന് അനുഗ്രഹിക്കട്ടെ.
ഡിങ്കാ..
എവിടെയാണാവോ വീട്?
പടിപ്പുര..
ഉവ്വ് ഉവ്വ്
കിനാവ്
വന്നുകൊണ്ടേ ഇരിക്കുന്നുവല്ലോ, ചിലതു വേറിടാതെയും.
നിഷ്കളങ്കന്
അങ്ങനെ തൊന്നിയോ ഇന്നസെന്റേ..
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലവര്‍ക്കും നന്ദിയുണ്ട്. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
വേറിട്ട തുടക്കം നന്നായിട്ടുണ്ട് ശ്രീരാമേട്ടാ. :)
നന്നായിട്ടുണ്ട് - പോസ്റ്റും കമന്റും
പ്രത്യേകാല്‍ കമന്റുകള്‍ക്കുള്ള മറുപടികള്‍
കൃത്യമായി വ്യക്തമായി പറഞ്ഞിരിക്കുന്നു
അഭിനന്ദനങ്ങള്‍
തുടരുക
ശ്രീരാമേട്ട,
മിസ്റ്റര്‍ ചാട്ടവാറിനെയും കൂട്ടി ഭയാനകമായ ശബ്ദത്തോടെ തന്റെ നേരെ പാഞ്ഞടുക്കുന്ന മൈക്കവര്കളെ നോക്കി “അരുതേ”എന്നു വിലപിയ്ക്കുന്ന ശ്രീരാമന് കലക്കനൊരു വിഷ്വലായി മനസ്സില്‍ കിടക്കുന്നു. ആ ഭാഗത്ത് എനിയ്ക്ക് ചിരി പൊട്ടി.
തന്റെ ആദ്യ ഇന്റര്‍നെറ്റ് കഥയില്‍ത്തന്നെ എഴുതിയെഴുതി കണ്ട്രോള് വിട്ട്പോയ (കടപ്പാട്: ഏതോ സിനിമയില്‍ ജഗതിയുടെ വെളിച്ചപ്പാട് “സോറി, തുള്ളിത്തുള്ളി വന്നപ്പൊ വിചാരിച്ചിടത്ത് ബ്രേക് ഇടാന്‍ പറ്റീല്യ”)ഒരുത്തനുണ്ട്. Brevity is the soul of witന്നാണ് അവന് പഠിച്ച ബ്ലോഗ്പാഠം നമ്പ്ര് 1. ദേ ഇബടേണ്ട്...http://ooneswarampo.blogspot.com/2007/09/ad2007.html
ആസംസകള്‍ !
:) നല്ല ഓര്‍മ്മക്കുറിപ്പ്. ഇനിയും എഴുതുമല്ലോ?
നല്ല ഓര്‍മ്മക്കുറിപ്പ്.
പിന്നെ ശ്രീരാമേട്ടാ, പതാലിയെപ്പോലുള്ള പരദൂഷകവിഷപ്പാമ്പുകളെയും കഴുതപ്പുലികളെയും ഈ ബൂലോകത്തു നേരിടേണ്ടിവരും. പണമുണ്ടാക്കാന്‍ മാത്രം ഗള്‍ഫില്‍ വന്നു ജോലിചെയ്തു കാശു സമ്പാദിക്കുന്ന കുറെ വ്യാജബുദ്ധിജീവികള്‍ അതിവിപ്ലവകാരികളായി നടിച്ചു വിമര്‍ശിക്കാന്‍ വരും. പ്രശസ്തരോട് അടങ്ങാത്ത പകയും അസൂയയുമായി കഴിയുന്ന കുറെ വിഷജീവികള്‍ ചാടിവീണു കടിച്ചുകീറാന്‍ വരും. കള്ളപ്രചരണം നടത്തും.അപ്പോള്‍ ചുള്ളിക്കാടിനെപ്പോലെ പേടിച്ചോടരുത്.
വേറിട്ട കാഴ്ചകളിലേക്കെത്താന് ഇത്തിരി വൈകിപ്പോയി മാഷെ, ഇനിയും ഓര്‍മ്മക്കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നു..
ഗംഭീരം ബ്ലോഗ് എഴുത്ത് തുടരാൻ അപേക്ഷ
Post a Comment