Sunday, October 14, 2007

എന്തൊന്നു ചെയ്ക നല്ലൂ ശോകത്തെയടക്കുവാന്‍?

സ്വാസ്ഥ്യം തേടി തീര്‍ത്ഥാടനത്തിനിറങ്ങുന്ന 'അയാള്‍' സി.വി.ശ്രീരാമന്റെ കഥകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. ചിദംബരം, സൂനിമാ, തീര്‍ത്ഥക്കാവടി, ക്ഷുരസ്യധാര, ഇനി ഋഷികേശിലേക്കില്ല- അങ്ങനെ പല കഥകളിലും ശാന്തിതേടീയുള്ള യാത്രകളുണ്ട്‌. യാത്രകളുടെ സ്വാസ്ഥ്യങ്ങള്‍ കെടുത്തിക്കൊണ്ട്‌ പക്ഷേ, വീണ്ടും ചോദ്യങ്ങളുണരുന്നു. അശാന്തമായ ആത്മാക്കളുടേ ക്ഷുത്‌ പിപാസകളില്‍ സ്വൈര്യം കെട്ട്‌ അയാള്‍ ദേവസ്ഥാനങ്ങളുടെ പടിയിറങ്ങുന്നു. സൂനിമാ എന്ന കഥയില്‍ അയാള്‍ മൂകാംബികയിലാണ്‌ എത്തുന്നത്‌. സൗപര്‍ണ്ണികയില്‍ ഇറങ്ങി മുങ്ങുന്‌പോള്‍ അയാള്‍ ഓര്‍ക്കുന്നു. 'തെളിനീര്‌ കാണ്‍കെ കാണ്‍കെ കണ്ണിന്‌ കുളിര്‌. ഇറങ്ങി മുങ്ങിയപ്പോള്‍ മനസ്സിനും കുളിര്‌. അമരേശ്വരിയിലും നര്‍മ്മദയിലും പ്രയാഗിലും മുങ്ങിയ ഓര്‍മ്മകള്‍ മനസ്സിലുദിച്ചു. ഈ സഞ്ചാരത്തിനു എന്തെങ്കിലുമൊരര്‍ത്ഥം എന്നെങ്കിലും കല്‍പിക്കാനവുമോ...?'

സത്രത്തിലെ ഉച്ചയുറക്കത്തിനു ശേഷം അയാള്‍ ഉണര്‍ന്നത്‌ വരാന്തയില്‍ നിന്ന് സന്ന്യാസിമാരുടെ വര്‍ത്തമാനം കേട്ടാണ്‌. 'അവര്‍ തീര്‍ത്ഥന്‍സ്വാമി എന്ന മറ്റൊരു സ്വാമിയെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. തീര്‍ത്ഥന്‍ സ്വാമി തോട്ടയിട്ട്‌ സൗപര്‍ണ്ണികയില്‍ നിന്ന്‌ മത്സ്യം പിടിച്ചു. മേരിയുടെ ഹോട്ടലില്‍ കൊണ്ടുപോയി വിറ്റു. മേരിയുടെ ഹോട്ടലില്‍ ഇരുന്ന് വാറ്റുചാരായം കുടിച്ചു. മറ്റൊരു സന്ന്യാസിയുമായി പ്രപഞ്ചോല്‍പ്പത്തിയെപ്പറ്റി തര്‍ക്കിച്ചു. തര്‍ക്കം മൂത്ത്‌ ഒടുവില്‍ തീര്‍ത്ഥന്‍ സ്വാമി കമണ്ഡലുവിന്റെ മൊരടുകൊണ്ട്‌ മറ്റേ സ്വാമിയുടെ കവിളത്തു കുത്തി. മറ്റേ സ്വാമി ഇപ്പോള്‍ ആശൂപത്രിയിലാണ്‌. അഞ്ചു തുന്നല്‍ ഇട്ടിട്ടുണ്ട്‌.'

പിന്നീടയാള്‍ അന്വെഷിച്ചത്‌ മേരിയുടെ ഹോട്ടലാണ്‌. മേരിയുടെ ഹോട്ടലില്‍ ഇരുന്നുകൊണ്ട്‌ തെരുവിലൂടെ കടന്നുപോകുന്ന ഭജന സംഘത്തിന്റെ മുന്‍പില്‍ അത്‌ ലറ്റിന്റെ ശരീരവടിവില്‍ മുടിപ റ്റെ വെട്ടി കാഷായവും രുദ്രാക്ഷവും ധരിച്ചു നടക്കുന്ന സ്ത്രീയെ കാണുന്നു. അവരെപ്പറ്റി ചോദിച്ചപ്പോള്‍ മേരി പറയുന്നു. 'സാറ്‌ അവരെയൊന്നു പരിചയപ്പെടണം. എന്തുമാത്രം അറീവാണെന്നോ, ഷെക്സ്‌ പിയര്‍ കഥകളും മറ്റും കേട്ടാല്‍ അന്തം വിട്ടിരുന്നു പോകും.' അഞ്ചെട്ടുവര്‍ഷം മൗനത്തിലായിരുന്നു. അയാള്‍ മേരിയുടേ ഭര്‍ത്താവിനേയും കൂട്ടി സൂനിമായുടെ പര്‍ണശാലയിലെത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. അവര്‍ ദീര്‍ഘനേരം സംസാരിച്ചു. ബി.എഡി.നു പഠിച്ചത്‌ തൃശ്ശൂരാണെന്നും തേക്കിന്‍ കാട്‌ മൈതാനം മനോഹരമാണെന്നും പറഞ്ഞു. ഭക്തിയെക്കുറിച്ചും ആത്മീയജ്ഞാനത്തെക്കുറിച്ചും പറഞ്ഞു. പറഞ്ഞു പറഞ്ഞ്‌ ഒടുവില്‍ ആ സന്ന്യസിനി വക്കീലായ തീര്‍ത്ഥാടകനോട്‌ ചോദിച്ചു:

'എല്ലാം വഴിത്തിരിവുകളാണെന്ന് കരുതിയാല്‍ മതീട്ടൊ, എന്തോ പൊതിഞ്ഞുകൊണ്ടുവന്ന പത്രത്തിലാണാ പരസ്യം കണ്ടത്‌. ഞാന്‍ മരിച്ചു എന്നും അഥവാ മരിച്ചിട്ടില്ലെങ്കില്‍ നിയമപ്രകാരം മരിച്ചതായി കണക്കാക്കുന്നു എന്നും അങ്ങനെ എനിക്കു കൂടി അവകാശപ്പെട്ട സ്വത്തുകള്‍ പൊതുസ്വത്തായി കണക്കാക്കി തറവാടുസ്വത്തുക്കള്‍ ഭാഗം വെക്കുന്നു എന്നും. ഞാന്‍ അവര്‍ക്ക്‌ റെജിസ്റ്റര്‍ ചെയ്ത കത്തയച്ചു. അതിന്റെ കോപ്പിയാ ഇത്‌'.

അവര്‍ പുല്‍പ്പായച്ചോട്ടില്‍ നിന്നു ഒരു കടലാസ്‌ എടൂത്തു നീട്ടി. അതു വായിച്ച്‌ അയാള്‍ക്ക്‌ ചിരി വന്നു. അയാള്‍ ഒടുവിലത്തെ വാചകം ഉറക്കെ വായിച്ചു.

'എന്നെ ചേര്‍ക്കതെ ഭാഗം കഴിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അവിടെ കയറിവന്നു സര്‍വ്വ എണ്ണത്തിന്റെയും കഴുത്തുനോക്കി വെട്ടും. കൊലക്കേസില്‍ കോടതി കയറാന്‍ ഒരിക്കലേ ഭയം തോന്നൂ....'

ഈ കഥമാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടീച്ചു വന്നതിന്റെ അടുത്ത ലക്കത്തില്‍ ഒരു വായനക്കാരന്റെ പ്രതികരണം വായനക്കാരന്റെ കത്തുകളില്‍ പ്രത്യക്ഷപ്പെട്ടു. അതിലെ ചില വാചകങ്ങള്‍:

' ഞാന്‍ പത്തുമുപ്പതു വര്‍ഷമായി മൂകാംബികയില്‍ പോയി ദര്‍ശനം നടത്തുകയും സൗപര്‍ണ്ണികാസ്നാനം നടത്തുകയും ചെയ്യുന്ന ഒരാളാണ്‌. ഇങ്ങനെയുള്ള സ്വാമിമാരെയോ സ്വാമിനിമാരെയോ ഇതു വരെ കണ്ടിട്ടില്ല. ആദ്യത്തെ വരവില്‍ തന്നെ സി.വി. ശ്രീരാമന്‍ കണ്ട കാഴ്ചകള്‍ എന്തൊക്കെയാണ്‌? വിഷമം തോന്നുന്നു.'