Friday, September 21, 2007

അരങ്ങേറ്റം

നാട്ടുകാരുടെ മുന്നില്‍ ഞാന്‍ ആദ്യമായൊരു അഭിനയം നടത്തിയത്‌ പണ്ട്‌ കുന്നംകുളം ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണു. കണ്ടമ്പുള്ളി ബാലന്‍ മെമ്മോറിയല്‍ ട്രോഫിയ്ക്കു വേണ്ടിയുള്ള നാടക മത്സരത്തിലായിരുന്നു ആ അരങ്ങേറ്റം. മഴക്കലത്ത്‌, മഞ്ഞുകാലത്തു എന്നൊക്കെ പറയുന്നതു പോലെ ഒരു അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്‌.
'സൂര്യാവര്‍ത്തം' എന്നായിരുന്നു നാടകത്തിന്റെ പേരു. സൂര്യാവര്‍ത്തം എന്നാല്‍ കൊടിഞ്ഞില്‍ കുത്തു, ചെന്നിക്കുത്ത്‌ എന്നൊക്കെ സാരം. ചിറളയത്തുള്ള യൈ. എം. സി. എ യുടെ അടുത്ത്‌ താമസിക്കുന്ന ജോബുട്ടി മാഷാണു നാടകരചന. സംവിധാനം മുന്‍ മുനിസിപല്‍ ചെയര്‍മാനായിരുന്ന കെ.സി. ബാബു. ഒരു ഫാക്റ്ററിയില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന തൊഴിലാളികളെ നിരന്തരം പീഢിപ്പിക്കുന്ന മുതലാളിയായിട്ടാണു ഞാന്‍ അഭിനയിക്കെണ്ടത്‌. തൊഴിലുടമയായ ഞാനും പീഢിതരായ തൊഴിലാളികളുമൊക്കെ പ്രതീകവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങളാണു. ഞാന്‍ പീഢകനായ ഭരണകൂടം; തൊഴിലാളികള്‍ പീഢിതരായ ജനങ്ങള്‍. പ്രതീകങ്ങള്‍ പിന്നെയുമുണ്ട്‌. സമാധാനത്തിന്റേയും സ്വാതന്ത്രത്തിന്റേയും പ്രതീകമായൊരു മാലാഖ. ത്രിശ്ശൂര്‍ എല്‍സിയാണത്‌. പിന്നെ വിമോചകന്റെ പ്രതീകമായൊരു വൃദ്ധന്‍. അതാരായിരുന്നു എന്നു ഓര്‍മയില്ല. കിഴൂര്‍ മുകുന്ദന്‍ പണിക്കരുടെ മകന്‍ രഘുവാണു വയലിന്‍ വായിച്ച്‌ പാട്ടു പാടി മാലാഖയെ ആകാശത്തു നിന്നു വരുത്തിയിരുന്നത്‌.
പടിഞ്ഞാറെ അങ്ങാടിയിലെ ചില വീടുകളിലും കിഴൂര്‍ വായനശാലയിലുമൊക്കെയായാണു റിഹെഴ്സല്‍ നടന്നത്‌. എനിക്ക്‌ ആദ്യം ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നെങ്കിലും ക്രമേണ അതു മാറി വന്നു. അഭിനയത്തില്‍ വലിയ മുന്‍പരിചയമൊന്നുമില്ലയിരുന്നതാണു ആശങ്കക്കു കാരണം. ബാബുവിന്റെയും മറ്റും പ്രോത്സാഹനം കൊണ്ട്‌ ഞാനാ സാഹസത്തിനു തയ്യാറായി എന്നേ ഉള്ളൂ.
നാടകത്തിലെ പ്രധാന വില്ലനാണു, ഞെട്ടിപ്പിയ്ക്കുന്ന ഡയലോഗുകളാണു. അതിലും കേമമാണു വേഷഭൂഷാദികള്‍! വടക്കഞ്ചേരിയില്‍ നിന്നും വന്ന ഒരു വക്കീല്‍ പയ്യന്‍ സംഘടിപ്പിച്ച ഗൗണ്‍; തലയിലൊരു കിരീടം, വലിയൊരു കാല്‍സറായി; ചെകുത്താന്റെ ചിത്രമുള്ളൊരു കുപ്പായം അങ്ങനെ അങ്കച്ചമയം ഉഗ്രാല്‍ ഉഗ്രതരം. പോരത്തതിനു കയ്യിലെപ്പോഴും വലിയൊരു ചാട്ടവാര്‍. ചാട്ടവാര്‍ ചുഴറ്റിയും വീശിയുമാണു ഡയലോഗുകള്‍ പറയേണ്ടത്‌. ഞാന്‍ രംഗപ്രവേശനം ചെയ്യുന്നതോടെ തൊഴിലാളികള്‍ പേടിച്ചു വിറയ്ക്കും. കാല്‍മുട്ടുകളില്‍ കുമ്പിട്ടു നിന്നു എന്നെ തൊഴും.
നാടകം തുടങ്ങുന്നതിനുള്ള ബെല്ലടിച്ചു. സി.വി ശ്രീരാമന്‍. ഐപ്പ്‌ പാറമേല്‍ , രാജാമാസ്റ്റര്‍ തുടങ്ങിയ പ്രഗല്‍ഭരാണു ജൂറി അംഗങ്ങള്‍.
തിരശ്ശീല ഉയര്‍ന്നു. ഫാക്ടറിയിലെ തൊഴിലാളികള്‍ കഠിനമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണു. വിമോചകന്‍ അറക്കവാളിന്റെ പല്ലുകള്‍ രാവി മൂര്‍ച്ചകൂട്ടികൊണ്ടിരിക്കുന്നു. രഘു അവിടേക്കു കടന്നു വന്നു വയലിന്‍ വായിച്ചു പാട്ടു പാടാന്‍ ആരംഭിക്കുന്നു. പതുക്കെ എല്ലാവരും ആ പാട്ടിന്റെ ഈരടികള്‍ പാടാന്‍ തുടങ്ങുന്നു. ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ നിര്‍ത്തിയിട്ടാണു സംഗീതത്തില്‍ അണി ചേരുന്നത്‌. ചിലരൊക്കെ ന്ര്ത്തം ചെയ്യാനും തുടങ്ങുന്നു. ഈ അവസരത്തിലാണു ഞാന്‍ ചാട്ടവാറുമായി ചാറ്റി വീഴെണ്ടത്‌. എന്റെ ഡയലോഗ്‌ ഇതാണു
" ആട്ടവും പാട്ടും! നിര്‍ത്തിനെടാ പട്ടികളേ ഈ ഓരിയിടല്‍. പണിയെടുക്കിന്‍! അല്ലെങ്കില്‍ വെച്ചേക്കില്ല ഒന്നിനേയും."
അതു പറഞ്ഞു കൊണ്ട്‌ ചാട്ട ആഞ്ഞു വീശണം. ചാട്ട പുളഞ്ഞു വീഴുമ്പോള്‍ "ഠേ", "ഠേ" എന്നു പൊട്ടാനുള്ള വെടിമരുന്നു സംവിധാനമെല്ലാം കൊച്ചുണ്ണിയേട്ടന്‍ ഒരുക്കിയിട്ടുണ്ട്‌.
രഘു പാട്ടു തുടങ്ങി. തൊഴിലാളികള്‍ പണി നിര്‍ത്തി. അവരും ചേര്‍ന്നു പാടാനും ന്ര്ത്തം ചെയ്യാനും തുടങ്ങി. ബാബുവും ജോബുട്ടി മാഷും കൊച്ചുണ്ണിയേട്ടനും കൂടി എന്നെ സ്റ്റേജിലേക്ക്‌ തള്ളി. ഞാന്‍ അട്ടഹസിച്ചു കൊണ്ട്‌ രംഗപ്രവേശനം ചെയ്തു. ചാടിക്കൊണ്ടായിരുന്നോ എന്നു ഓര്‍മയില്ല.
ചാട്ട ആഞ്ഞു വീശി
ഠേ ഠേ!! വെടിമുഴങ്ങുമ്പോലെ ആലഭാരമുണ്ടായി.
തൊഴിലാളികള്‍ ഞെട്ടി വിറച്ചു.
" ആട്ടവും പാട്ടും! നിര്‍ത്തിനെടാ പട്ടികളെ " ഞാന്‍ അലറി. അത്രയും കഴിഞ്ഞപ്പോഴാണു കുഴപ്പം മനസ്സിലാകുന്നത്‌.
ഉയര്‍ത്തി വീശി അടിച്ച ചാട്ടവാര്‍ സ്റ്റേജ്‌ മൈക്ക്‌ കെട്ടിയ കയറില്‍ കുരുങ്ങിപ്പോയിരിക്കുന്നു. ചാട്ട വീശാതെയും ചുഴറ്റി അടിക്കാതെയും എങ്ങനെ ഡയലോഗ്‌ പറയും? ഞാന്‍ തെല്ലൊന്നു പരിഭ്രമിച്ചു. അട്ടഹസിച്ചു കൊണ്ടു തന്നെ ചാട്ടയുടെ വാര്‍ കയറില്‍ നിന്നു അഴിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി. പറ്റുന്നില്ല. പരിഭ്രമം വര്‍ദ്ധിച്ചു. ഒരിക്കല്‍കൂടി അലറിക്കൊണ്ട്‌ ചാട്ടവാര്‍ ആഞ്ഞു വലിച്ചു. കയര്‍ പൊട്ടി ഭീകരമായ ശബ്ദത്തോടെ മൈക്ക്‌ താഴെ വീണു. മൈക്ക്‌ ഓപ്പറേറ്ററും മറ്റും സ്റ്റേജിലേക്ക്‌ ചാടിക്കയറി വന്നു. വലിയ വിലയുള്ളതാണത്രെ ആ സ്റ്റേജ്‌ മൈക്ക്‌. തൊഴിലാളികളും മുകുന്ദന്‍ പണിക്കരുടെ മകന്‍ രഘുവും മാലാഖയും അമ്പരന്നു നില്‍ക്കെ ചാട്ടയില്ലാതെ തന്നെ ഡയലോഗ്‌ പറയാന്‍ ഞാന്‍ ഒരു ശ്രമം നടത്തായ്കയല്ല. പക്ഷെ, അതിഭീകരമായ കൂവലും വിസിലടികളും ഉയര്‍ന്നു.
കര്‍ട്ടണ്‍ വീണു. ശുഭം.
എന്റെ ശ്വാസവും നേരെ വീണു.
അങ്ങനെ ആ അഭിനയത്തിന്റെ അരങ്ങേറ്റം തുമ്പയിലും ശ്രീഹരിക്കോട്ടയിലും മറ്റും നടാത്താറുള്ള ചില റോക്കറ്റ്‌ വിക്ഷേപണങ്ങളെ ഓര്‍മിപ്പിക്കുമാറു ചീറ്റിപ്പോയി.
അന്നു അണിയറയിലുണ്ടായിരുന്ന പലരും പിന്നീട്‌ കാലത്തിന്റെ കര്‍ട്ടനുപിന്നിലേക്ക്‌ മറഞ്ഞു. വടക്കന്‍ വസ്ത്രാലയത്തിലെ ജോര്‍ജ്ജ്‌, മക്കള്‍ക്ക്‌ ട്രോഡ്‌ സ്കി, സ്റ്റാലിന്‍ എന്നൊക്കെ പേരിട്ട കൊച്ചുണ്ണേട്ടന്‍ , ചുമട്ടു തൊഴിലാളികളായിരുന്ന ജോസ്‌, ജോര്‍ജ്ജ്‌ അങ്ങനെ പലരും.
'സൂര്യാവര്‍ത്ത'ത്തിന്റെ ഓര്‍മകള്‍ ആദ്യകാലത്തൊക്കെ ഒരു കൊടിഞ്ഞില്‍ കുത്ത്‌ പോലെ എന്നെ അലട്ടിയിരുന്നു. പിന്നീടെപ്പോഴോ അതു എന്നും ഓര്‍ത്തു വെക്കാനുള്ള രസകരമായ ഒരനുഭവമായി മനസ്സില്‍ അടയാളപ്പെട്ടു.
ആ നാടകവുമായി ബന്ധമുള്ള പലരും ഇന്നുമെന്നെ കാണുമ്പോള്‍ വിളിച്ചു പറയും.
" ആട്ടവും പാട്ടും !! നിര്‍ത്തിനെടാ പട്ടികളെ ഓരിയിടല്‍"
ഏതായാലും പിന്നെ ജോബുട്ടി മാഷ്‌ നാടകം എഴുതിയിട്ടില്ല, കെ. സി . ബാബു സംവിധാനം ചെയ്തിട്ടുമില്ല. ഞാന്‍ സ്റ്റേജില്‍ കയറി നാടകത്തില്‍ അഭിനയിച്ചിട്ടുമില്ല.!